Skip to content
Opens in a new window

[1] തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസിന്റെ വചനങ്ങൾ. ഭൂകമ്പത്തിനു രണ്ടുവർഷംമുമ്പ്, ഇസ്രായേലിനെക്കുറിച്ച് അദ്ദേഹത്തിനു ലഭിച്ച ദർശനം. അക്കാലത്ത് ഉസ്സീയാവ് യെഹൂദയുടെയും യോവാശിന്റെ മകൻ യൊരോബെയാം ഇസ്രായേലിന്റെയും രാജാക്കന്മാരായിരുന്നു.

[2] അദ്ദേഹം പറഞ്ഞു: “യഹോവ സീയോനിൽനിന്ന് ഗർജിക്കുന്നു, ജെറുശലേമിൽനിന്ന് ഇടിമുഴക്കുന്നു; ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ ഉണങ്ങുന്നു, കർമേൽമലയുടെ മുകൾഭാഗം വാടിപ്പോകുന്നു.”

[3] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദമസ്കോസിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, ഇരുമ്പുമെതിവണ്ടികൊണ്ട് അവർ ഗിലെയാദിനെ മെതിച്ചുകളഞ്ഞിരിക്കുന്നു.

[4] ഞാൻ ഹസായേൽഗൃഹത്തിന്മേൽ അഗ്നി അയയ്ക്കും അതു ബെൻ-ഹദദിന്റെ കോട്ടകളെ ദഹിപ്പിക്കും.

[5] ഞാൻ ദമസ്കോസിന്റെ കവാടങ്ങൾ തകർത്തുകളയും; ആവെൻ താഴ്വരയിലെ രാജാവിനെയും ബെത്ത്-ഏദെനിൽ ചെങ്കോൽ വഹിക്കുന്നവനെയും ഞാൻ നശിപ്പിക്കും. അരാമിലെ ജനം പ്രവാസികളായി കീറിലേക്കു പോകും,” എന്ന് യഹോവയുടെ അരുളപ്പാട്.

[6] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഗസ്സയുടെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, ജനങ്ങളെ മുഴുവനും ബന്ദികളാക്കി അവർ ഏദോമിനു വിറ്റിരിക്കുന്നു.

[7] ഞാൻ ഗസ്സയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.

[8] ഞാൻ, അശ്ദോദിലെ നിവാസികളെയും, അസ്കലോനിൽ ചെങ്കോൽ വഹിക്കുന്നവനെയും നശിപ്പിക്കും. ഫെലിസ്ത്യരിൽ അവസാനം ശേഷിക്കുന്നവനും മരിക്കുന്നതുവരെ, ഞാൻ എക്രോനെതിരേയും എന്റെ കൈ തിരിക്കും,” എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു.

[9] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സോരിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, സഹോദരസഖ്യം അവഗണിച്ചുകൊണ്ട് ജനങ്ങളെ മുഴുവനും അവർ ഏദോമിനു വിറ്റിരിക്കുന്നു.

[10] ഞാൻ സോരിന്റെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും, അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.”

[11] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഏദോമിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, വാളുമായി അവൻ തന്റെ സഹോദരനെ പിൻതുടർന്നു, യാതൊരനുകമ്പയും കാട്ടിയില്ല. അവന്റെ കോപം തുടരെ ജ്വലിച്ചു; അവന്റെ ക്രോധം കത്തിജ്വലിച്ചു.

[12] ഞാൻ തേമാനിൽ അഗ്നി അയയ്ക്കും അതു ബൊസ്രായുടെ കോട്ടകളെ ദഹിപ്പിക്കും.”

[13] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അമ്മോന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, തന്റെ അതിരുകൾ വിശാലമാക്കേണ്ടതിന് അവൻ ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞു:

[14] ഞാൻ രബ്ബയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും അത് അവളുടെ കോട്ടകളെ ദഹിപ്പിക്കും യുദ്ധദിവസത്തിൽ പടയ്ക്കായുള്ള ആർപ്പുവിളികളുടെ മധ്യത്തിലും കാറ്റുള്ള ദിവസത്തിലെ ചുഴലിക്കാറ്റിന്റെ മധ്യത്തിലുംതന്നെ.

[15] അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകും; അവനും അവന്റെ ഉദ്യോഗസ്ഥപ്രമുഖരും ഒരുമിച്ചുതന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

ആമോസിന്റെ പ്രവചനം — Chapters