Skip to content
Opens in a new window
Listen to this chapter • 3:51

[1] എന്റെ മകനേ, നീ ക്രിസ്തുയേശുവിലുള്ള കൃപയിൽ ശക്തിപ്പെടുക.

[2] അനേകം സാക്ഷികളുടെ സാന്നിധ്യത്തിൽ നീ എന്നിൽനിന്നു കേട്ടതെല്ലാം, മറ്റുള്ളവരെ അഭ്യസിപ്പിക്കാൻ യോഗ്യത നേടിയ വിശ്വാസയോഗ്യരായ ആളുകളെ ഭരമേൽപ്പിക്കുക.

[3] ക്രിസ്തുയേശുവിന്റെ ഒരു നല്ല സൈനികനെപ്പോലെ നീയും എന്നോടൊപ്പം കഷ്ടതയിൽ പങ്കുചേരുക.

[4] സൈനികസേവനം അനുഷ്ഠിക്കുന്ന ഒരാളും സൈനികേതര കാര്യങ്ങളിൽ ഇടപെടുന്നില്ല; കാരണം, അയാളുടെ ലക്ഷ്യം സൈന്യത്തിൽ തന്നെ ചേർത്തയാളിനെ തൃപ്തിപ്പെടുത്തുക എന്നതാണ്.

[5] കായികമത്സരത്തിൽ പങ്കെടുക്കുന്ന ഒരാൾ നിയമപ്രകാരം മത്സരിക്കുന്നില്ലെങ്കിൽ അയാൾക്കു വിജയകിരീടം ലഭിക്കുകയില്ല.

[6] കഠിനാധ്വാനം ചെയ്യുന്ന കർഷകനാണ് ആദ്യം വിളവിന്റെ പങ്ക് എടുക്കേണ്ടത്.

[7] ഞാൻ പറയുന്നത് വിചിന്തനം ചെയ്യുക; കർത്താവ് സകലകാര്യത്തിലും നിനക്കു വിവേകം നൽകും.

[8] ഞാൻ എന്റെ സുവിശേഷപ്രഘോഷണത്തിൽ വ്യക്തമാക്കുന്നതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓർക്കുക.

[9] ഈ സുവിശേഷത്തിനുവേണ്ടിയാണ് ഒരു കുറ്റവാളിയെപ്പോലെ ബന്ധനം സഹിച്ചും ഞാൻ കഷ്ടത അനുഭവിക്കുന്നത്. എന്നാൽ, ദൈവവചനത്തിനു ബന്ധനമില്ല.

[10] അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷയും നിത്യമഹത്ത്വവും തെരഞ്ഞെടുക്കപ്പെട്ടവർക്ക് ലഭിക്കേണ്ടതിന് ഞാൻ എല്ലാം സഹിക്കുന്നു.

[11] ഇത് വിശ്വാസയോഗ്യമായ തിരുവചനമല്ലോ: നാം ക്രിസ്തുവിനോടുകൂടെ മരിച്ചാൽ ക്രിസ്തുവിനോടുകൂടെ ജീവിക്കും;

[12] കഷ്ടത സഹിക്കുന്നെങ്കിൽ അവിടത്തെ ഭരണത്തിൽ പങ്കാളികളാകും. അവിടത്തെ നിരാകരിക്കുന്നുവെങ്കിൽ അവിടന്നു നമ്മെയും നിരാകരിക്കും.

[13] നാം വിശ്വാസവിഹീനരായിത്തീർന്നാലും അവിടന്ന് വിശ്വസ്തനായിത്തന്നെ തുടരും; തന്റെ സ്വഭാവം ത്യജിക്കുക അവിടത്തേക്കു സാധ്യമല്ലല്ലോ!

[14] നിഷ് പ്രയോജനവും ശ്രോതാക്കൾക്ക് വിനാശം വിതയ്ക്കുന്നതുമായ വാഗ്വാദങ്ങളിൽ ഏർപ്പെടരുതെന്ന് ദൈവസന്നിധിയിൽ നീ അവരെ അനുസ്മരിപ്പിച്ച് കർശനമായി ഉദ്ബോധിപ്പിക്കുക.

[15] “ലജ്ജിക്കാൻ ഇടവരാത്തവനും സത്യവചനം നേരായി വിഭജിക്കുന്നവനും” എന്ന ദൈവിക അംഗീകാരം ലഭിച്ച ഒരു പ്രവർത്തകനായി തിരുസന്നിധിയിൽ നിന്നെത്തന്നെ സമർപ്പിക്കാൻ യത്നിക്കുക.

[16] ഭക്തിവിരുദ്ധമായ വ്യർഥഭാഷണം വർജിക്കുക; അവ നമ്മെ അധികം ഭക്തിരാഹിത്യത്തിലേക്കു നയിക്കുകയേയുള്ളു.

[17] ഇത്തരം ഭാഷണം കാർന്നുതിന്നുന്ന വ്രണംപോലെ വ്യാപിച്ചുകൊണ്ടിരിക്കും. ഹുമനയൊസും ഫിലേത്തോസും ഇത്തരക്കാരാണ്.

[18] അവർ സത്യത്തിൽനിന്നു വ്യതിചലിച്ചിരിക്കുന്നു; “പുനരുത്ഥാനം കഴിഞ്ഞു” എന്നു പറഞ്ഞ് അവർ ചിലരുടെ വിശ്വാസം തകിടംമറിക്കുന്നു.

[19] എന്നാലോ, “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിനെ സ്വീകരിച്ചവരെല്ലാം അധർമത്തിൽനിന്ന് അകന്നുകൊള്ളണം” എന്നും മുദ്രണം ചെയ്തിരിക്കുന്ന സുസ്ഥിരമായ ദൈവിക അടിസ്ഥാനം അചഞ്ചലംതന്നെ.

[20] ഒരു വലിയ ഭവനത്തിൽ സ്വർണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങൾമാത്രമല്ല മരവും കളിമണ്ണുംകൊണ്ടുള്ളവയും ഉണ്ടായിരിക്കും; ചില പാത്രങ്ങൾ സവിശേഷമായ ഉപയോഗത്തിനും വേറെ ചിലതു സാമാന്യമായ ഉപയോഗത്തിനും.

[21] സാമാന്യമായ ഉപയോഗത്തിൽനിന്ന് സ്വയം ശുദ്ധീകരിക്കുന്നയാൾ സവിശേഷമായ ഉപയോഗങ്ങൾക്കുള്ള പാത്രമായി സമർപ്പിതമായി, സകലസൽപ്രവൃത്തികൾക്കും സജ്ജമായി യജമാനന് പ്രയോജനമുള്ള ആളായിത്തീരും.

[22] യുവസഹജമായ ആസക്തികൾ വിട്ട് പലായനംചെയ്യുക. നിർമലഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംചേർന്ന് ധാർമികത, വിശ്വാസം, സ്നേഹം, സമാധാനം എന്നിവ അനുഗമിക്കുക.

[23] മൗഢ്യവും ബാലിശവുമായ വാദപ്രതിവാദങ്ങൾ സംഘട്ടനങ്ങൾക്ക് വഴിതെളിക്കും എന്നറിഞ്ഞ് അവ ഉപേക്ഷിക്കുക.

[24] കർത്താവിന്റെ ദാസൻ സംഘട്ടനങ്ങളിൽ ഏർപ്പെടാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്നവനും അധ്യാപനത്തിൽ നിപുണനും ക്ഷമാശീലനും ആയിരിക്കണം.

[25] ശത്രുക്കൾക്ക് സത്യം സുവ്യക്തമാകുംവിധം ദൈവം അവർക്ക് മാനസാന്തരം നൽകിയേക്കാം എന്ന പ്രതീക്ഷയോടെ, സൗമ്യമായി ബുദ്ധി ഉപദേശിക്കേണ്ടതാണ്.

[26] തൽഫലമായി, പിശാച് തന്റെ ഇഷ്ടം നിറവേറ്റാൻ അടിമകളാക്കി വെച്ചിട്ടുള്ളവർ, അവന്റെ കെണിയിൽനിന്നു സ്വതന്ത്രരായി സുബോധത്തിലേക്ക് മടങ്ങിവരും.

തിമോത്തിയോസിന് എഴുതിയ രണ്ടാംലേഖനം — Chapters