[1] അപ്പോൾ ശലോമോൻ: “താൻ കാർമുകിലിൽ വസിക്കുമെന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു.
[2] എന്നാൽ, ഞാൻ അവിടത്തേക്കുവേണ്ടി ഒരു വിശിഷ്ടമായ ആലയം—അവിടത്തേക്ക് നിത്യകാലം വസിക്കാനുള്ള ഒരിടം—പണിതിരിക്കുന്നു” എന്നു പറഞ്ഞു.
[3] ഇസ്രായേലിന്റെ സർവസഭയും അവിടെ നിൽക്കുമ്പോൾത്തന്നെ രാജാവു തിരിഞ്ഞ് അവരെ ആശീർവദിച്ചു.
[4] അതിനുശേഷം അദ്ദേഹം പറഞ്ഞത്: “ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ! എന്റെ പിതാവായ ദാവീദിനോട് അവിടന്നു തിരുവാകൊണ്ട് അരുളിച്ചെയ്ത വാഗ്ദാനം തിരുക്കരങ്ങളാൽ പൂർത്തീകരിച്ചിരിക്കുന്നു.
[5] ‘എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ എന്റെ നാമം സ്ഥാപിക്കുന്നതിനുവേണ്ടി ഒരാലയം നിർമിക്കാൻ ഇസ്രായേൽ ഗോത്രങ്ങളിലെങ്ങും ഞാൻ ഒരു നഗരം തെരഞ്ഞെടുത്തിട്ടില്ല, എന്റെ ജനമായ ഇസ്രായേലിനു നായകനായിരിക്കേണ്ടതിന് ആരെയും ഞാൻ തെരഞ്ഞെടുത്തിട്ടുമില്ല.
[6] എന്നാൽ ഇപ്പോൾ ഞാൻ ജെറുശലേമിനെ, എന്റെ നാമം അവിടെ ആയിരിക്കേണ്ടതിനും ദാവീദിനെ, എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കേണ്ടതിനും തെരഞ്ഞെടുത്തിരിക്കുന്നു,’ എന്ന് എന്റെ പിതാവിനോട് അവിടന്ന് അരുളിച്ചെയ്തു.
[7] “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയണമെന്നത് എന്റെ പിതാവായ ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു.
[8] എന്നാൽ, യഹോവ എന്റെ പിതാവായ ദാവീദിനോടു കൽപ്പിച്ചത്: ‘എന്റെ നാമത്തിന് ഒരു ആലയം പണിയുന്നതിന് നീ ആഗ്രഹിച്ചല്ലോ! ഇങ്ങനെ ഒരഭിലാഷം ഉണ്ടായതു നല്ലതുതന്നെ.
[9] എന്നിരുന്നാലും, ആലയം പണിയേണ്ട വ്യക്തി നീയല്ല; എന്നാൽ, നിന്റെ മകൻ, നിന്റെ സ്വന്തം മാംസവും രക്തവുമായവൻ, തന്നെയാണ് എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ടത്.’
[10] “അങ്ങനെ, താൻ നൽകിയ വാഗ്ദാനം യഹോവ നിറവേറ്റിയിരിക്കുന്നു. കാരണം, യഹോവ വാഗ്ദാനംചെയ്തിരുന്നതുപോലെ ഞാൻ എന്റെ പിതാവായ ദാവീദിന്റെ അനന്തരാവകാശിയായി ഇന്ന് ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഞാൻ ഒരു ആലയം നിർമിച്ചിരിക്കുന്നു.
[11] ഇസ്രായേൽജനതയോട് യഹോവ ചെയ്ത ഉടമ്പടി രേഖപ്പെടുത്തിവെച്ചിരിക്കുന്ന പേടകം ഞാൻ അതിൽ സ്ഥാപിച്ചിരിക്കുന്നു.”
[12] അതിനുശേഷം, ശലോമോൻ ഇസ്രായേലിന്റെ സർവസഭയുടെയും മുന്നിൽ യഹോവയുടെ യാഗപീഠത്തിനുമുമ്പാകെ നിന്നുകൊണ്ട് കൈകളുയർത്തി.
[13] അദ്ദേഹം വെങ്കലംകൊണ്ട് ഒരു പീഠം ഉണ്ടാക്കിയിരുന്നു. അതിന് അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയും മൂന്നുമുഴം പൊക്കവും ഉണ്ടായിരുന്നു. അദ്ദേഹം അത് ആലയാങ്കണത്തിന്റെ നടുവിൽ സ്ഥാപിച്ചിരുന്നു. ശലോമോൻ ആ പീഠത്തിന്മേൽ കയറി ഇസ്രായേലിന്റെ സർവസഭയുടെയും മുന്നിൽ മുട്ടുകുത്തി, ആകാശത്തിലേക്കു കൈമലർത്തിക്കൊണ്ട്,
[14] ഈ വിധം പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ആകാശത്തിലോ ഭൂമിയിലോ അങ്ങേക്കു തുല്യനായി ഒരു ദൈവവുമില്ല. അവിടത്തെ വഴികളെ പൂർണഹൃദയത്തോടെ പിൻതുടരുന്ന തന്റെ ദാസന്മാരോട് അങ്ങയുടെ അചഞ്ചലസ്നേഹത്തിന്റെ ഉടമ്പടി നിറവേറ്റുന്ന ദൈവം അങ്ങാണല്ലോ!
[15] അവിടത്തെ ദാസനും എന്റെ പിതാവുമായ ദാവീദിന് അങ്ങു നൽകിയ വാഗ്ദാനം അവിടന്നു നിറവേറ്റിയിരിക്കുന്നു. തിരുവാകൊണ്ട് അവിടന്നു വാഗ്ദാനംചെയ്തത് ഇന്നു തൃക്കൈയാൽ അങ്ങു പൂർത്തീകരിച്ചിരിക്കുന്നു.
[16] “ഇപ്പോൾ, ഇസ്രായേലിന്റെ ദൈവമായ യഹോവേ, എന്റെ പിതാവും അവിടത്തെ ദാസനുമായ ദാവീദിന് അവിടന്നു നൽകിയ വാഗ്ദാനം: ‘നീ എന്റെമുമ്പാകെ എന്റെ നിയമം അനുസരിച്ചു ജീവിച്ചതുപോലെ നിന്റെ പുത്രന്മാരും എന്റെമുമ്പാകെ ജീവിക്കാൻ തങ്ങളുടെ വഴികളിൽ ശ്രദ്ധിക്കുകമാത്രം ചെയ്താൽ, ഇസ്രായേലിന്റെ രാജസിംഹാസനത്തിലിരിക്കാൻ നിനക്കൊരു പുരുഷൻ എന്റെമുമ്പാകെ ഇല്ലാതെപോകുകയില്ല.’ ഈ വാഗ്ദാനവും അവിടന്നു പാലിക്കണമേ!
[17] അതുകൊണ്ട്, യഹോവേ, ഇസ്രായേലിന്റെ ദൈവമേ, അവിടത്തെ ദാസനായ ദാവീദിന് അവിടന്നു നൽകിയ വാഗ്ദാനം ഇപ്പോൾ സഫലമാക്കിത്തരണമേ!
[18] “എന്നാൽ ദൈവം യഥാർഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനുപോലും അങ്ങയെ ഉൾക്കൊള്ളാൻ സാധിക്കുകയില്ലല്ലോ! അങ്ങനെയെങ്കിൽ, അടിയൻ നിർമിച്ച ഈ ആലയം അങ്ങയെ ഉൾക്കൊള്ളാൻ എത്രയോ അപര്യാപ്തം?
[19] എങ്കിലും, എന്റെ ദൈവമായ യഹോവേ, അവിടത്തെ ദാസനായ അടിയന്റെ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള യാചനയും ചെവിക്കൊള്ളണമേ! അവിടത്തെ ഈ ദാസൻ തിരുസന്നിധിയിൽ സമർപ്പിക്കുന്ന നിലവിളിയും പ്രാർഥനയും അങ്ങു ശ്രദ്ധിക്കണമേ!
[20] പകലും രാത്രിയും അവിടത്തെ കടാക്ഷം ഈ ആലയത്തിന്മേൽ ഉണ്ടായിരിക്കണമേ! ‘അവിടത്തെ നാമം അങ്ങു സ്ഥാപിക്കും,’ എന്ന് ഈ സ്ഥലത്തെക്കുറിച്ച് അവിടന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. അവിടത്തെ ഈ ദാസൻ ഈ സ്ഥലത്തേക്കു തിരിഞ്ഞ് നടത്തുന്ന ഈ പ്രാർഥന ചെവിക്കൊള്ളണമേ!
[21] അവിടത്തെ ഈ ദാസനും അവിടത്തെ ജനമായ ഇസ്രായേലും ഇവിടേക്കു തിരിഞ്ഞു പ്രാർഥിക്കുമ്പോൾ അടിയങ്ങളുടെ സങ്കടയാചനകൾ കേൾക്കണേ! അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് കേട്ട് അടിയങ്ങളോടു ക്ഷമിക്കണമേ!
[22] “ഒരാൾ തന്റെ അയൽവാസിയോടു തെറ്റുചെയ്യുകയും അയാൾ ശപഥംചെയ്യാൻ നിർബന്ധിക്കപ്പെടുകയും ചെയ്താൽ, ആ വ്യക്തി ഈ ആലയത്തിൽ എത്തി അവിടത്തെ യാഗപീഠത്തിനുമുമ്പാകെ ശപഥംചെയ്യുമ്പോൾ,
[23] അവിടന്നു സ്വർഗത്തിൽനിന്ന് കേട്ട് അപരാധിയെ കുറ്റം വിധിച്ചും പ്രവൃത്തിക്കു തക്കതായ ശിക്ഷ അയാളുടെമേൽ വരുത്തിയും അവിടത്തെ ദാസർക്കു നീതി നടപ്പാക്കിത്തരണമേ. നിഷ്കളങ്കനെ നിരപരാധിയെന്നു വിധിക്കുകയും അയാളുടെ നിഷ്കളങ്കത തെളിയിക്കുകയും ചെയ്യണമേ!
[24] “അവിടത്തെ ജനമായ ഇസ്രായേൽ അങ്ങേക്കെതിരേ പാപംചെയ്യുകയും അങ്ങനെ അവർ ശത്രുവിനാൽ പരാജിതരാക്കപ്പെടുകയും ചെയ്യുമ്പോൾ, അവർ വീണ്ടും മനംതിരിയുകയും അവിടത്തെ ഈ ആലയത്തിന്റെ മുമ്പാകെ വരികയും അവിടത്തെ നാമം ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും സങ്കടയാചന ബോധിപ്പിക്കുകയും ചെയ്താൽ,
[25] അവിടന്ന് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനകേട്ട് അവിടത്തെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവർക്കും അവരുടെ പിതാക്കന്മാർക്കും അവിടന്നു വാഗ്ദാനംചെയ്ത ദേശത്തേക്ക് അവരെ മടക്കിവരുത്തുകയും ചെയ്യണമേ!
[26] “അവിടത്തെ ജനം അങ്ങയോടു പാപം ചെയ്യുകനിമിത്തം ആകാശം അടഞ്ഞ് മഴയില്ലാതെയിരിക്കുമ്പോൾ—അവിടന്ന് അങ്ങനെ അവരെ ശിക്ഷിക്കുമ്പോൾ—അവർ ഈ ആലയത്തിലേക്കു തിരിഞ്ഞുവന്നു പ്രാർഥിക്കുകയും അവിടത്തെ നാമം ഏറ്റുപറയുകയും തങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം,
[27] അവിടന്നു സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ, അവിടത്തെ ദാസരും അവിടത്തെ ജനവുമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കണമേ. അവർ ജീവിക്കേണ്ട ശരിയായ വഴി അങ്ങ് അവരെ പഠിപ്പിക്കണേ, അങ്ങയുടെ ജനത്തിന് അവിടന്ന് അവകാശമായി നൽകിയ ദേശത്ത് മഴ വർഷിക്കണമേ.
[28] “ദേശത്ത് ക്ഷാമമോ പകർച്ചവ്യാധിയോ ഉഷ്ണക്കാറ്റോ വിഷമഞ്ഞോ വെട്ടുക്കിളിയോ കീടബാധയോ ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ശത്രുക്കൾ അവരുടെ ഏതെങ്കിലും നഗരത്തെ ഉപരോധിക്കുമ്പോൾ, ഏതെങ്കിലും രോഗമോ വ്യാധിയോ വരുമ്പോൾ,
[29] അങ്ങയുടെ ജനമായ ഇസ്രായേലിലെ ഏതെങ്കിലും ഒരാൾ, അയാളുടെ പീഡയും വേദനയും ഓർത്ത് ഈ ആലയത്തിലേക്കു കരങ്ങളുയർത്തി പ്രാർഥനയോ അപേക്ഷയോ സമർപ്പിക്കുന്നപക്ഷം,
[30] അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ. അവരോടു ക്ഷമിച്ച് അതിൻപ്രകാരം പ്രവർത്തിക്കണമേ, ഓരോരുത്തരോടും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി പെരുമാറണമേ, കാരണം, അയാളുടെ ഹൃദയം അവിടന്ന് അറിയുന്നല്ലോ! മനുഷ്യരുടെ ഹൃദയം അറിയുന്നത് അവിടന്നുമാത്രമാണല്ലോ!
[31] അങ്ങനെ, അവിടന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ ഈ ദേശത്തു വസിക്കുന്ന കാലമെല്ലാം അവർ അങ്ങയെ ഭയപ്പെടാനും അനുസരിച്ചു ജീവിക്കാനും ഇടയാകുമല്ലോ.
[32] “അവിടത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു വിദേശി, അവിടത്തെ മഹത്തായ നാമംനിമിത്തം വിദൂരദേശത്തുനിന്നു വരികയും അവിടത്തെ മഹത്തായ നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയുംകുറിച്ച് കേൾക്കുകയും ചെയ്യുമല്ലോ—അയാൾ ഈ ആലയത്തിലേക്കുതിരിഞ്ഞ് പ്രാർഥിക്കുമ്പോൾ,
[33] അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് ആ പ്രാർഥന കേൾക്കണേ! ആ വിദേശി അങ്ങയോട് അപേക്ഷിക്കുന്നതെന്തായാലും അവിടന്നു ചെയ്തുകൊടുക്കണേ. ആ വിധത്തിൽ അവിടത്തെ സ്വന്തജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയിലെ സകലജനതകളും അവിടത്തെ നാമം അറിയുകയും അങ്ങയെ ബഹുമാനിക്കുകയും ചെയ്യുമല്ലൊ! അടിയൻ നിർമിച്ച ഈ ആലയം അവിടത്തെ നാമത്തിലാണ് വിളിക്കപ്പെടുന്നതെന്ന് അവർ അറിയുമാറാകട്ടെ!
[34] “അവിടത്തെ ജനം അവരുടെ ശത്രുക്കൾക്കെതിരേ യുദ്ധത്തിനുപോകുമ്പോൾ—അവിടന്ന് അവരെ എവിടെയൊക്കെ അയച്ചാലും—അവിടെനിന്നും അവർ അങ്ങു തെരഞ്ഞെടുത്തിരിക്കുന്ന ഈ നഗരത്തിലേക്കും അടിയൻ അവിടത്തെ നാമത്തിനുവേണ്ടി നിർമിച്ചിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് അങ്ങയോടു പ്രാർഥിക്കുമ്പോൾ,
[35] അങ്ങ് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അവരുടെ കാര്യം സാധിച്ചുകൊടുക്കണേ!
[36] “ഇസ്രായേൽ അവിടത്തേക്കെതിരേ പാപംചെയ്യുകയും—പാപം ചെയ്യാത്ത ഒരു മനുഷ്യനും ഇല്ലല്ലോ—അവിടന്ന് അവരോടു കോപിച്ച് അവരെ ശത്രുവിന്റെ കൈകളിൽ ഏൽപ്പിച്ചുകൊടുക്കുകയും ശത്രു അവരെ, അടുത്തോ അകലെയോ ഉള്ള രാജ്യത്തേക്ക് അടിമകളാക്കികൊണ്ടുപോകുകയും ചെയ്യുമ്പോൾ,
[37] അവർ അടിമകളായിക്കഴിയുന്ന രാജ്യത്തുവെച്ച് മനമുരുകി അനുതപിച്ച്, ‘ഞങ്ങൾ പാപംചെയ്തു വഴിതെറ്റിപ്പോയി, ദുഷ്ടത പ്രവർത്തിച്ചുപോയി,’ എന്ന് ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും
[38] തങ്ങളെ അടിമകളാക്കി കൊണ്ടുപോയവരുടെ രാജ്യത്തുവെച്ച് പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അവിടത്തെ സന്നിധിയിലേക്കു തിരിഞ്ഞ് അവിടന്ന് അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തിലേക്കും അവിടന്നു തെരഞ്ഞെടുത്ത നഗരത്തിലേക്കും അടിയൻ തിരുനാമത്തിനുവേണ്ടി നിർമിച്ച ആലയത്തിലേക്കും തിരിഞ്ഞ് അവിടത്തോടു പ്രാർഥിക്കുകയും ചെയ്യുമ്പോൾ,
[39] അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനകളും കേട്ട് അവരുടെ കാര്യം നടത്തിക്കൊടുക്കണേ. അവിടത്തേക്കെതിരേ പാപംചെയ്ത അവിടത്തെ ജനത്തോട് അങ്ങു ക്ഷമിക്കണമേ.
[40] “ഇപ്പോൾ, എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ച് അർപ്പിക്കുന്ന പ്രാർഥനകൾക്ക് അവിടത്തെ കണ്ണുകൾ തുറക്കുകയും കാതുകൾ ശ്രദ്ധിക്കുകയും ചെയ്യണമേ!
[41] “യഹോവയായ ദൈവമേ, ഇപ്പോൾ എഴുന്നേൽക്കണമേ! അവിടത്തെ വിശ്രമസ്ഥാനത്തേക്ക് എഴുന്നള്ളണമേ, അങ്ങും അങ്ങയുടെ ശക്തിയുടെ പ്രതീകമായ ഉടമ്പടിയുടെ പേടകത്തിലേക്ക്. യഹോവയായ ദൈവമേ, അങ്ങയുടെ പുരോഹിതവൃന്ദം രക്ഷയുടെ വസ്ത്രം അണിയട്ടെ! അങ്ങയുടെ വിശ്വസ്തർ അവിടത്തെ നന്മയിൽ ആഹ്ലാദിക്കട്ടെ!
[42] യഹോവയായ ദൈവമേ, അവിടത്തെ അഭിഷിക്തനെ തിരസ്കരിക്കരുതേ! അവിടത്തെ ദാസനായ ദാവീദിനു വാഗ്ദാനം ചെയ്യപ്പെട്ട അചഞ്ചലസ്നേഹത്തെ ഓർക്കണമേ!”