Skip to content
Opens in a new window
Listen to this chapter • 5:02

[1] യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രോസ്, പൊന്തോസ്, ഗലാത്യ, കപ്പദോക്യ, ഏഷ്യ, ബിഥുന്യ എന്നീ പ്രവിശ്യകളിൽ പ്രവാസികളായി കഴിയുന്ന തെരഞ്ഞെടുക്കപ്പെട്ടവർക്ക്, എഴുതുന്നത്:

[2] പിതാവായ ദൈവത്തിന്റെ പൂർവജ്ഞാനത്തിന് അനുസൃതമായി തെരഞ്ഞെടുക്കപ്പെട്ടവരായ നിങ്ങൾ, പരിശുദ്ധാത്മാവിനാലുള്ള വിശുദ്ധീകരണത്താൽ യേശുക്രിസ്തുവിനെ അനുസരിക്കുന്നവരും അവിടത്തെ രക്തത്താൽ വിശുദ്ധി ലഭിച്ചവരും ആയിത്തീർന്നിരിക്കുന്നല്ലോ. നിങ്ങൾക്കു കൃപയും സമാധാനവും സമൃദ്ധിയായി ഉണ്ടാകട്ടെ.

[3] നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു മഹത്ത്വം! ദൈവത്തിന്റെ മഹാകരുണയാൽ, മരിച്ചവരിൽനിന്ന് യേശുക്രിസ്തു പുനരുത്ഥാനംചെയ്തതിലൂടെ ജീവനുള്ള പ്രത്യാശയിലേക്കു നമുക്കു പുതുജനനം നൽകിയിരിക്കുന്നു.

[4] ഈ പ്രത്യാശ, അനശ്വരവും നിർമലവും പ്രഭ മങ്ങാത്തതും സ്വർഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതുമായ അവകാശം നാം സ്വന്തമാക്കേണ്ടതിനാണ്.

[5] അങ്ങനെ, അന്ത്യകാലത്തു വെളിപ്പെടാൻ സജ്ജമാക്കിയിരിക്കുന്ന രക്ഷയ്ക്കായി, വിശ്വാസത്താൽ നാം ദൈവശക്തിയിൽ സംരക്ഷിക്കപ്പെടുന്നു.

[6] ഇപ്പോൾ ചുരുങ്ങിയ സമയത്തേക്ക് വിവിധ കഷ്ടതകൾമൂലം വ്യാകുലപ്പെടേണ്ടിവന്നാലും നിങ്ങൾക്ക് ലഭിക്കാനിരിക്കുന്ന രക്ഷയിൽ അത്യന്തം ആനന്ദിക്കുക.

[7] ഈ സഹനം നിങ്ങളുടെ വിശ്വാസത്തിന്റെ മാറ്റുരയ്ക്കലാണ്. അഗ്നിയിൽ സ്ഫുടം ചെയ്യപ്പെടുന്ന, നശ്വരമായ തങ്കത്തെക്കാൾ അമൂല്യമാണ് നിങ്ങളുടെ വിശ്വാസത്തിന്റെ പരിശുദ്ധി. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അത് സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും കാരണമാകും.

[8] നിങ്ങൾ ക്രിസ്തുവിനെ കണ്ടിട്ടില്ലെങ്കിലും അവിടത്തെ സ്നേഹിക്കുന്നു, നിങ്ങൾ ഇപ്പോൾ അവിടത്തെ കാണുന്നില്ലെങ്കിലും വിശ്വസിക്കുന്നു, അങ്ങനെ നിങ്ങൾ മഹത്ത്വപൂർണവും അവർണനീയവുമായ ആനന്ദത്താൽ നിറഞ്ഞിരിക്കുന്നു.

[9] കാരണം നിങ്ങളുടെ വിശ്വാസത്തിന്റെ അന്തിമഫലമായ പ്രാണരക്ഷ കരസ്ഥമാക്കുകയാണല്ലോ.

[10] നിങ്ങൾക്ക് ഉണ്ടാകാനിരിക്കുന്ന കൃപയെക്കുറിച്ച് വളരെ ശ്രദ്ധചെലുത്തി സസൂക്ഷ്മം അന്വേഷിച്ചിട്ടാണ് ഈ രക്ഷയെക്കുറിച്ച് പ്രവാചകർ പ്രവചിച്ചത്.

[11] അവരിലുള്ള ക്രിസ്തുവിന്റെ ആത്മാവ്, ക്രിസ്തു നേരിടാൻ പോകുന്ന കഷ്ടതയെയും അതിനെ തുടർന്നുള്ള മഹത്ത്വത്തെയുംകുറിച്ചു പ്രവചിക്കുകയും അതിന്റെ സമയവും സന്ദർഭവും കണ്ടെത്താൻ ശ്രമിക്കുകയുംചെയ്തു.

[12] അവർ ഈ ശുശ്രൂഷയിലൂടെ ചെയ്ത വെളിപ്പെടുത്തലുകൾ അവർക്കുവേണ്ടി അല്ലായിരുന്നു, പിന്നെയോ, നിങ്ങളെ ഉദ്ദേശിച്ച് ആയിരുന്നു. സ്വർഗത്തിൽനിന്ന് അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവരിലൂടെയാണ് അത് ഇപ്പോൾ നിങ്ങളോട് പ്രഘോഷിച്ചിരിക്കുന്നത്—ദൈവദൂതന്മാർപോലും ഈ വസ്തുതകളെക്കുറിച്ച് മനസ്സിലാക്കാൻ ത്വരയോടുകൂടി ഇരിക്കുന്നു.

[13] ആകയാൽ നിങ്ങൾ അചഞ്ചലചിത്തരായി, പൂർണസുബോധത്തോടെ, യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ നിങ്ങൾക്ക് ലഭിക്കാനിരിക്കുന്ന കൃപയിൽ നിങ്ങളുടെ പ്രത്യാശ ഉറപ്പിക്കുക.

[14] നിങ്ങൾ അജ്ഞതയിൽ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ദുഷ്ടമോഹങ്ങൾക്ക് അനുരൂപമാകാതെ നിങ്ങൾ അനുസരണയുള്ള മക്കളായിത്തീരുക.

[15] നിങ്ങളെ തെരഞ്ഞെടുത്ത ദൈവം വിശുദ്ധനാകയാൽ, നിങ്ങളും സകലപ്രവൃത്തികളിലും വിശുദ്ധിയുള്ളവരാകുക.

[16] “ഞാൻ വിശുദ്ധൻ ആയിരിക്കുന്നതുകൊണ്ട് നിങ്ങളും വിശുദ്ധർ ആയിരിക്കുക” എന്ന് തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

[17] ഓരോരുത്തരുടെയും പ്രവൃത്തികൾക്ക് അനുസൃതമായി, പക്ഷഭേദംകൂടാതെ ന്യായംവിധിക്കുന്ന ദൈവത്തെ നിങ്ങൾ പിതാവെന്ന് വിളിക്കുന്നു. അതിനാൽ ഭൂമിയിലെ നിങ്ങളുടെ പ്രവാസജീവിതം ഭയഭക്തിയോടെ ആയിരിക്കട്ടെ.

[18] നിങ്ങളുടെ പൂർവികരിൽനിന്ന് സ്വായത്തമാക്കിയ അർഥശൂന്യമായ പാരമ്പര്യത്തിൽനിന്ന് നിങ്ങളുടെ വിമോചനം സാധിച്ചത് സ്വർണം, വെള്ളി മുതലായ നശ്വരമായ വസ്തുക്കൾകൊണ്ടല്ല,

[19] പിന്നെയോ, കുഞ്ഞാടിനെപ്പോലെയുള്ള ക്രിസ്തുവിന്റെ നിർമലവും കളങ്കരഹിതവും അമൂല്യവുമായ രക്തത്താൽ ആണ്.

[20] ലോകാരംഭത്തിന് മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തെരഞ്ഞെടുത്തിരുന്നു. എങ്കിലും ഈ അന്തിമദിനങ്ങളിലാണ് ദൈവം ക്രിസ്തുവിനെ നിങ്ങൾക്കുവേണ്ടി പ്രത്യക്ഷനാക്കിയത്.

[21] ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും തേജസ്കരിക്കുകയുംചെയ്ത ദൈവത്തിൽ, ക്രിസ്തു മുഖാന്തരം നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ ആയിരിക്കുകയും ചെയ്യുന്നു.

[22] നിങ്ങൾ സത്യം അനുസരിച്ചതിലൂടെ നിങ്ങളുടെ ആത്മാക്കൾക്ക് വിശുദ്ധീകരണം ലഭിച്ചു; അത് നിഷ്കപടമായ സഹോദരസ്നേഹത്തിനുവേണ്ടിയാണ്, അതുകൊണ്ട് നിങ്ങൾ ഹൃദയശുദ്ധിയോടെ പരസ്പരം ഗാഢമായി സ്നേഹിക്കുക.

[23] നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരബീജത്താലല്ല; അനശ്വരവും ജീവനുള്ളതും ശാശ്വതവുമായ ദൈവവചനത്താൽത്തന്നെ.

[24] “എല്ലാ മാനവരും തൃണസമാനരും, അവരുടെ സർവമഹിമയും വയൽപ്പൂപോലെയും! പുല്ലു വാടുന്നു, പൂക്കൾ കൊഴിയുന്നു;

[25] തിരുവചനമോ ചിരകാലത്തേക്കുമുള്ളത്.” ആ തിരുവചനംതന്നെയാണ് ഞങ്ങൾ നിങ്ങളോട് അറിയിച്ച സുവിശേഷം.

പത്രോസ് എഴുതിയ ഒന്നാംലേഖനം — Chapters