[1] ശലോമോൻ, യഹോവയുടെ ആലയവും തന്റെ രാജകൊട്ടാരവും താൻ നിർമിക്കാൻ ആഗ്രഹിച്ചിരുന്നതൊക്കെയും പൂർത്തിയാക്കിത്തീർന്നപ്പോൾ,
[2] യഹോവ അദ്ദേഹത്തിന് ഗിബെയോനിൽവെച്ചു പ്രത്യക്ഷനായതുപോലെ, രണ്ടാമതും പ്രത്യക്ഷനായി.
[3] യഹോവ ശലോമോനോട് അരുളിച്ചെയ്തു: “നീ എന്റെ സന്നിധിയിൽ അർപ്പിച്ച പ്രാർഥനകളും യാചനകളും ഞാൻ കേട്ടു. നീ നിർമിച്ച ഈ ആലയത്തിൽ ഞാൻ എന്നെന്നേക്കുമായി എന്റെ നാമം സ്ഥാപിച്ച് ഇതിനെ വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ദൃഷ്ടിയും ഹൃദയവും എപ്പോഴും ഇവിടെ ഉണ്ടായിരിക്കും.
[4] “എന്നാൽ, നിന്റെ കാര്യത്തിലാകട്ടെ, നിന്റെ പിതാവായ ദാവീദിനെപ്പോലെ ഹൃദയനൈർമല്യത്തോടും പരമാർഥതയോടുംകൂടി നീ എന്റെമുമ്പാകെ ജീവിക്കുകയും എന്റെ കൽപ്പനകൾ അനുസരിച്ചു പ്രവർത്തിക്കുകയും എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കുകയും ചെയ്താൽ,
[5] ‘ഇസ്രായേലിന്റെ സിംഹാസനത്തിലിരിക്കാൻ നിനക്കൊരു പിൻഗാമി ഒരുനാളും ഇല്ലാതെപോകുകയില്ല,’ എന്ന് നിന്റെ പിതാവായ ദാവീദിനോടു ഞാൻ ചെയ്ത വാഗ്ദാനത്തിന് അനുസൃതമായി ഇസ്രായേലിന്മേൽ നിന്റെ രാജകീയ സിംഹാസനം ഞാൻ എന്നെന്നേക്കുമായി സ്ഥിരപ്പെടുത്തും.
[6] “എന്നാൽ, നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെവിട്ടു പിന്മാറുകയും ഞാൻ നിങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള കൽപ്പനകളും ഉത്തരവുകളും അനുസരിക്കാതിരുന്ന് അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നപക്ഷം
[7] ഞാൻ ഇസ്രായേലിനെ അവർക്കു കൊടുത്ത രാജ്യത്തുനിന്ന് ഛേദിച്ചുകളയുകയും ഞാൻ എന്റെ നാമത്തിനായി വിശുദ്ധീകരിച്ച ഈ ദൈവാലയത്തെ എന്റെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുകളയുകയും ചെയ്യും. അപ്പോൾ, ഇസ്രായേൽ സകലജനതകൾക്കും ഒരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആയിത്തീരും.
[8] ഈ ആലയം അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായിത്തീരും. ഇതുവഴി സഞ്ചരിക്കുന്നവരെല്ലാം വിസ്മയംപൂണ്ട് ഇതിനെ പരിഹസിക്കുകയും ‘യഹോവ ഈ രാജ്യത്തോടും ഈ ആലയത്തോടും ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു ചോദിക്കുകയും ചെയ്യും.
[9] ‘അവരുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ചുകൊണ്ടുവന്ന അവരുടെ ദൈവമായ യഹോവയെ ഇസ്രായേൽ പരിത്യജിക്കുകയും അന്യദേവന്മാരെ ആശ്രയിച്ച് അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതിനാൽ യഹോവ ഈ അനർഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നു,’ എന്ന് അവർ അതിനു മറുപടി പറയും.”
[10] യഹോവയുടെ ആലയവും രാജകൊട്ടാരവും—ഈ രണ്ടു സൗധങ്ങളും—പണിയാൻ ശലോമോന് ഇരുപതുവർഷം വേണ്ടിവന്നു.
[11] നിർമാണ ആവശ്യങ്ങൾക്കുള്ള ദേവദാരുവും സരളമരവും സ്വർണവും ശലോമോന് നൽകിയിരുന്നത് സോർരാജാവായ ഹീരാം ആയിരുന്നതിനാൽ, ശലോമോൻ അദ്ദേഹത്തിന് ഗലീലാദേശത്ത് ഇരുപതു നഗരങ്ങൾ നൽകി.
[12] ശലോമോൻ തനിക്കു സമ്മാനിച്ച നഗരങ്ങൾ കാണുന്നതിനായി സോരിൽനിന്ന് വന്ന ഹീരാമിന് അവ ഇഷ്ടമായില്ല.
[13] “എന്റെ സഹോദരാ! എങ്ങനെയുള്ള നഗരങ്ങളാണ് താങ്കൾ എനിക്കു സമ്മാനിച്ചത്?” എന്ന് അദ്ദേഹം ചോദിച്ചു. അതുകൊണ്ട്, ഹീരാം അതിനെ കാബൂൽദേശം എന്നു പേരിട്ടു. ആ നഗരങ്ങൾ ഇന്നും ആ പേരിൽ അറിയപ്പെടുന്നു.
[14] ഹീരാമോ, ശലോമോന് നൂറ്റിയിരുപതു താലന്തു സ്വർണം കൊടുത്തയച്ചിരുന്നു.
[15] യഹോവയുടെ ആലയം, തന്റെ അരമന, മുകൾത്തട്ടുകൾ, ജെറുശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ നിർമിക്കുന്നതിന് ശലോമോൻരാജാവ് ഏർപ്പെടുത്തിയ, നിർബന്ധിതമായി വേലചെയ്യുന്നവരുടെ വിവരണം:
[16] ഈജിപ്റ്റിലെ രാജാവായ ഫറവോൻ, ഗേസെറിനെ ആക്രമിച്ചു കീഴടക്കുകയും തീവെച്ചു നശിപ്പിക്കുകയും ചെയ്തു; അവിടെ വസിച്ചിരുന്ന കനാന്യരെ കൂട്ടക്കൊലയും ചെയ്തു. തുടർന്ന്, തന്റെ പുത്രിയായ ശലോമോന്റെ ഭാര്യയ്ക്ക് വിവാഹസമ്മാനമായി ഗേസെർ പട്ടണം നൽകി.
[17] പിന്നീട്, ശലോമോൻ ഗേസെർപട്ടണവും താഴ്വരയിലുള്ള ബേത്-ഹോരോനും പുനർനിർമിച്ചു.
[18] ബാലാത്തും മരുഭൂമിയിലെ തദ്മോറും ശലോമോൻ നിർമിച്ചു.
[19] ഇവകൂടാതെ, എല്ലാ സംഭരണനഗരങ്ങളും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കുംവേണ്ടിയുള്ള എല്ലാ നഗരങ്ങളും അദ്ദേഹം നിർമിച്ചു. ഇപ്രകാരം, ജെറുശലേമിലും ലെബാനോനിലും അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിലുള്ള സകലഭൂപ്രദേശങ്ങളിലും ശലോമോൻ ആഗ്രഹിച്ചിരുന്ന സകലതിന്റെയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി.
[20] ഇസ്രായേല്യരിൽ ഉൾപ്പെടാതിരുന്ന അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരിൽ
[21] ഇസ്രായേൽമക്കൾക്ക് ഉന്മൂലനംചെയ്യാൻ കഴിയാതെയിരുന്ന ഈ ജനതകളുടെ പിൻഗാമികളെയെല്ലാം ശലോമോൻ തന്റെ അടിമവേലകൾക്കായി നിയോഗിച്ചു. അവർ ഇന്നുവരെയും അപ്രകാരം തുടരുന്നു.
[22] എന്നാൽ, ഇസ്രായേല്യരിൽനിന്ന് ഒരാളെപ്പോലും ശലോമോൻ അടിമവേലയ്ക്കു നിയമിച്ചില്ല. അവർ അദ്ദേഹത്തിന്റെ യോദ്ധാക്കളും ഭരണകാര്യങ്ങളിലെ ഉദ്യോഗസ്ഥരും കാര്യസ്ഥരും സൈന്യാധിപന്മാരും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതികളും ആയി സേവനമനുഷ്ഠിച്ചു.
[23] ശലോമോന്റെ പ്രവർത്തനപദ്ധതികളിൽ പ്രധാനചുമതലകൾ വഹിക്കുന്നവരായി 550 ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു. വിവിധ ജോലിക്കാരുടെ മേൽനോട്ടം ഇവർക്കായിരുന്നു.
[24] ദാവീദിന്റെ നഗരത്തിൽനിന്ന്, ശലോമോൻ അവൾക്കുവേണ്ടി പണികഴിപ്പിച്ച അരമനയിലേക്കു ഫറവോന്റെ പുത്രി താമസം മാറ്റിയതിനുശേഷം ശലോമോൻ മുകൾത്തട്ടുകൾ പണിതു.
[25] ശലോമോൻ, യഹോവയ്ക്കായി നിർമിച്ച യാഗപീഠത്തിന്മേൽ വർഷത്തിൽ മൂന്നുപ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചുവന്നിരുന്നതു കൂടാതെ യഹോവയുടെ സന്നിധിയിൽ സുഗന്ധധൂപം അർപ്പിച്ചിരുന്നു. ഇപ്രകാരം, ശലോമോൻ യഹോവയുടെ ആലയത്തോടുള്ള കടപ്പാട് നിർവഹിച്ചുവന്നു.
[26] ഏദോംദേശത്തിലെ ചെങ്കടൽക്കരയിൽ ഏലാത്തിനു സമീപമുള്ള എസ്യോൻ-ഗേബെറിൽവെച്ച് ശലോമോൻരാജാവ് കപ്പലുകൾ നിർമിച്ചു.
[27] ശലോമോന്റെ ഭൃത്യന്മാരോടൊപ്പം കപ്പൽയാത്രയിൽ സേവനം ചെയ്യുന്നതിനായി ഹീരാം സമുദ്രപരിചയമുള്ള തന്റെ ദാസന്മാരെ എത്തിച്ചുകൊടുത്തു.
[28] അവർ ഓഫീറിലേക്കു സമുദ്രമാർഗം പോകുകയും 420 താലന്തു സ്വർണം ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവരികയും ചെയ്തു.