Skip to content
Opens in a new window
Listen to this chapter • 2:00

[1] ആരംഭംമുതലേ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും ഞങ്ങളുടെ കണ്ണുകളാൽ കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈകൾ സ്പർശിച്ചതുമായ ജീവന്റെ വചനത്തെക്കുറിച്ചാണ് ഞങ്ങൾ പ്രഘോഷിക്കുന്നത്.

[2] ഈ ജീവൻ പ്രത്യക്ഷപ്പെട്ടു; അത് ഞങ്ങൾ ദർശിച്ചു; ഞങ്ങൾ അതിന് സാക്ഷികളാകുകയും ചെയ്യുന്നു. പിതാവിനോടുകൂടെ ഇരുന്നതും ഞങ്ങൾക്കു വെളിപ്പെട്ടതുമായ നിത്യജീവൻ ഞങ്ങൾ നിങ്ങളോട് പ്രഘോഷിക്കുന്നു.

[3] നിങ്ങൾക്ക് ഞങ്ങളുമായി കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തത് നിങ്ങളോട് അറിയിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവിടത്തെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.

[4] ഞങ്ങളുടെ ആനന്ദം സമ്പൂർണമാകാനാണ് ഞങ്ങൾ ഇത് എഴുതുന്നത്.

[5] ഞങ്ങൾ അവിടത്തെ തിരുമൊഴി ശ്രവിച്ച് നിങ്ങളോട് അറിയിക്കുന്ന സന്ദേശം ഇതാണ്: ദൈവം പ്രകാശം ആകുന്നു; ദൈവത്തിൽ അന്ധകാരം അൽപ്പംപോലും ഇല്ല.

[6] നമുക്ക് അവിടത്തോട് കൂട്ടായ്മ ഉണ്ടെന്നു പറയുകയും അന്ധകാരത്തിൽ ജീവിക്കുകയുംചെയ്യുന്നെങ്കിൽ നാം വ്യാജംപറയുകയാണ്; സത്യത്തിന് അനുസൃതമായി ജീവിക്കുന്നതുമില്ല.

[7] അവിടന്നു പ്രകാശത്തിൽ ആയിരിക്കുന്നതുപോലെ നാമും പ്രകാശത്തിൽ ജീവിക്കുന്നെങ്കിൽ നമുക്ക് പരസ്പരം കൂട്ടായ്മയുണ്ട്; അവിടത്തെ പുത്രനായ യേശുവിന്റെ രക്തം സകലപാപങ്ങളിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു.

[8] നമുക്കു പാപമില്ലെന്ന് നാം അവകാശപ്പെട്ടാൽ നമ്മെത്തന്നെ വഞ്ചിക്കുകയാണ്; സത്യം നമ്മിൽ വസിക്കുന്നതുമില്ല.

[9] നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നു എങ്കിൽ അവിടന്ന് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് എല്ലാ അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കും; അവിടന്ന് വിശ്വസ്തനും നീതിമാനും ആണല്ലോ.

[10] നാം പാപംചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്നു എങ്കിൽ നാം ദൈവത്തെ അസത്യവാദി ആക്കുന്നു, അവിടത്തെ വചനം നമ്മിൽ നിവസിക്കുന്നുമില്ല.

യോഹന്നാൻ എഴുതിയ ഒന്നാംലേഖനം — Chapters