Skip to content
Opens in a new window
Listen to this chapter • 6:23

[1] അവർ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.

[2] പടകിൽനിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു.

[3] അവന്റെ പാർപ്പു കല്ലറകളിൽ ആയിരുന്നു; ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.

[4] പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല.

[5] അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു.

[6] അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു.

[7] അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

[8] അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു.

[9] നിന്റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നു: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു;

[10] നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്നു അപേക്ഷിച്ചു.

[11] അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

[12] ആ പന്നികളിൽ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവർ അവനോടു അപേക്ഷിച്ചു.

[13] അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.

[14] പന്നികളെ മേയ്ക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാൻ പലരും പുറപ്പെട്ടു

[15] യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.

[16] കണ്ടവർ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോടു അറിയിച്ചു.

[17] അപ്പോൾ അവർ അവനോടു തങ്ങളുടെ അതിർ വിട്ടുപോകുവാൻ അപേക്ഷിച്ചു തുടങ്ങി.

[18] അവൻ പടകു ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു.

[19] യേശു അവനെ അനുവദിക്കാതെ: നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക എന്നു അവനോടു പറഞ്ഞു.

[20] അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.

[21] യേശു വീണ്ടും പടകിൽ കയറി ഇക്കരെ കടന്നു കടലരികെ ഇരിക്കുമ്പോൾ വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടി.

[22] പള്ളിപ്രമാണികളിൽ യായീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്നു, അവനെ കണ്ടു കാല്ക്കൽ വീണു:

[23] എന്റെ കുഞ്ഞുമകൾ അത്യാസന്നത്തിൽ ഇരിക്കുന്നു; അവൾ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേൽ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു.

[24] അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.

[25] പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി

[26] പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്ന

[27] ഒരു സ്ത്രീ യേശുവിന്റെ വർത്തമാനം കേട്ടു:

[28] അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു.

[29] ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ ശരീരത്തിൽ അറിഞ്ഞു.

[30] ഉടനെ യേശു തങ്കൽനിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ടു പുരുഷാരത്തിൽ തിരിഞ്ഞു: എന്റെ വസ്ത്രം തൊട്ടതു ആർ എന്നു ചോദിച്ചു.

[31] ശിഷ്യന്മാർ അവനോടു: പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.

[32] അവനോ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി.

[33] സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.

[34] അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.

[35] ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ വീട്ടിൽ നിന്നു ആൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.

[36] യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.

[37] പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല.

[38] പള്ളിപ്രമാണിയുടെ വീട്ടിൽ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;

[39] അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.

[40] അവൻ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു:

[41] ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു.

[42] ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു

[43] ഇതു ആരും അറിയരുതു എന്നു അവൻ അവരോടു ഏറിയോന്നു കല്പിച്ചു. അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണം എന്നും പറഞ്ഞു.

മർക്കൊസ് — Chapters