Skip to content
Opens in a new window
Listen to this chapter • 3:56

[1] സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല.

[2] കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ.

[3] അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല.

[4] എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;

[5] നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.

[6] ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക.

[7] ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു.

[8] നാമോ പകലിന്നുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.

[9] ദൈവം നമ്മെ കോപത്തിന്നല്ല,

[10] നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു.

[11] ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ.

[12] സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം

[13] ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ.

[14] സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ.

[15] ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;

[16] എപ്പോഴും സന്തോഷിപ്പിൻ;

[17] ഇടവിടാതെ പ്രാർത്ഥിപ്പിൻ

[18] എല്ലാറ്റിന്നും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.

[19] ആത്മാവിനെ കെടുക്കരുതു.

[20] പ്രവചനം തുച്ഛീകരിക്കരുതു.

[21] സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.

[22] സകലവിധദോഷവും വിട്ടകലുവിൻ.

[23] സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.

[24] നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവർത്തിക്കും.

[25] സഹോദരന്മാരേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിപ്പിൻ.

[26] സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‌വിൻ.

[27] കർത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കേണം.

[28] നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

1. തെസ്സലൊനീക്യർ — Chapters