Skip to content
Opens in a new window
Listen to this chapter • 5:06

[1] സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങൾക്കു അറിവില്ലാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.

[2] നിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കൽ പോക പതിവായിരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.

[3] ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.

[4] എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.

[5] ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു; കർത്താവു ഒരുവൻ.

[6] വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ.

[7] എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.

[8] ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു;

[9] വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം;

[10] മറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.

[11] എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.

[12] ശരീരം ഒന്നും അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.

[13] യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.

[14] ശരീരം ഒരു അവയവമല്ല പലതത്രേ.

[15] ഞാൻ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.

[16] ഞാൻ കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.

[17] ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ?

[18] ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വെച്ചിരിക്കുന്നു.

[19] സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ?

[20] എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നു തന്നേ.

[21] കണ്ണിന്നു കയ്യോടു: നിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും തലെക്കു കാലുകളോടു: നിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും പറഞ്ഞുകൂടാ.

[22] ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നേ ആവശ്യമുള്ളവയാകുന്നു.

[23] ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവെക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴകു കുറഞ്ഞവെക്കു അധികം അഴകു വരുത്തുന്നു;

[24] നമ്മിൽ അഴകുള്ള അവയവങ്ങൾക്കു അതു ആവശ്യമില്ലല്ലോ.

[25] ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു.

[26] അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയുംകൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാൽ അവയവങ്ങൾ ഒക്കെയും കൂടെ സന്തോഷിക്കുന്നു.

[27] എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു.

[28] ദൈവം സഭയിൽ ഒന്നാമതു അപ്പൊസ്തലന്മാർ, രണ്ടാമതു പ്രവാചകന്മാർ, മൂന്നാമതു ഉപദേഷ്ടാക്കന്മാർ, ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരം, സഹായം ചെയ്‌വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.

[29] എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരോ?

[30] എല്ലാവർക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ? എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുവോ?

[31] എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ; ഇനി അതിശ്രേഷ്ഠമായോരു മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.

1. കൊരിന്ത്യർ — Chapters